2014 Sep 09 | View Count: 1046

അഗസ്തിചീര എന്നും അകത്തി എന്നുമെല്ലാം അറിയപ്പെടുന്ന ഈ ചെറുസസ്യത്തിന്റെ ശാസ്ത്രനാമം സെസ്ബാനിയ ഗ്രാന്‍ഡി ഫ്ലോറ (Sesbania grandiflora Pers) എന്നാണ്. 6-9 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ വൃക്ഷത്തിന്റെ ഇലയും പൂവും ഇലക്കറിയായി ഉപയോഗിക്കുന്നതിനാലാണ് ചീര എന്ന വിശേഷണം ഇതിനു ലഭിച്ചത്. അകത്തിയുടെ ഇലയില്‍ ധാരാളം പ്രോട്ടീനും കാത്സ്യവും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇതിന് തിക്തരസവും ശീതവീര്യവുമാണ്. വൃക്ഷത്തിന്റെ തൊലി, ഇല, പൂവ്, കായ ഇവയെല്ലാം ഔഷധയോഗ്യമാണ്. ഒരുമുഖ്യ അക്ഷത്തില്‍ ഇരുവശത്തേക്കും നേര്‍ക്കുനേര്‍ വിന്യസിച്ചിരിക്കുന്ന 10-20 ജോഡി പത്രകങ്ങള്‍ ചേര്‍ന്നതാണ് അകത്തിയുടെ ഇല. പൂമൊട്ടിന് അരിവാളിന്റെ ആകൃതിയാണ്. പൂവിന്റെ നിറത്തെ ആധാരമാക്കി അകത്തിയെ വെള്ള, ചുവപ്പ് എന്നു രണ്ടായി തരം തിരിക്കാം.

അകത്തിയില ഉപ്പു ചേര്‍ക്കാതെ തോരനാക്കിയോ നെയ്യില്‍ വറുത്തോ കഴിക്കുന്നത് ജീവകം എ യുടെ കുറവുകൊണ്ടുള്ള നേത്രരോഗങ്ങള്‍ ശമിപ്പിക്കും. എല്ലുകളുടെ വളര്‍ച്ചയ്ക്ക് കുട്ടികള്‍ക്ക് നല്കാവുന്ന ഒന്നാന്തരം ഇലക്കറിയാണ് അകത്തി. ഇതിന്റെ പൂ പിഴിഞ്ഞ് നീരെടുത്ത് പാലില്‍ ചേര്‍ത്തു സേവിച്ചാല്‍ സ്ത്രീരോഗങ്ങള്‍ക്ക് ശമനമുണ്ടാകും. ഇതിന്റെ കുരു അരച്ച് പുരട്ടിയാല്‍ നീരും വേദനയുമുള്ള പരു വേഗം പഴുത്തു പൊട്ടി ഉണങ്ങും. ഇലച്ചാര്‍ പിഴിഞ്ഞെടുത്ത് അരിച്ചെടുത്ത് നസ്യം ചെയ്താല്‍ കഫക്കെട്ടും പീനസവും തലവേദനയും മാറും

Posted by : Guest, 2014 Sep 09 05:09:59 pm