2017 Nov 01 | View Count: 1123

ഊട്ടിയും കൊടൈക്കനാലും മൂന്നാറും കണ്ടു മടുത്തവര്‍ക്ക് അല്‍പം വ്യത്യസ്തമായി തണുത്ത കാറ്റുകൊള്ളണമെന്നും കോടമഞ്ഞിന്റെ ഊഞ്ഞാലാട്ടം കാണണമെന്നുമുണ്ടോ? എങ്കില്‍, നേരെ കക്കയത്തേക്കു വണ്ടി വിടുക. കോഴിക്കോട്ടുനിന്ന് 45 കിലോമീറ്റര്‍ അകലെ വയനാടിനോട് അതിരുചേര്‍ന്നൊരു പച്ചമതില്‍ക്കെട്ട്. അതാണു കക്കയം. കക്കയം മലബാറിന്റെ ഊട്ടിയാണ്. ആ വിശേഷണം കേട്ടു മുന്‍വിധിയുടെ ചിരിയമ്പ് എയ്യേണ്ട! മുന്‍വിധികളെ മൂടാന്‍മാത്രം കോടമഞ്ഞ് മലപ്പൊക്കത്തില്‍ നിങ്ങളെ കാത്തുനില്‍പ്പുണ്ട്. 

മലബാറിന്റെ ഊട്ടി
  
മലബാറിന്റെ ഊട്ടി എന്നതു കക്കയത്തിന്റെ ഇരട്ടപ്പേരല്ല. കക്കയം തരുന്നത് കാഴ്ചകളുടെ നിലയില്ലാക്കയമാണ്. കാറ്റിന്റെ ശീതവും സംഗീതവും പകരുന്ന കുളിര്‍മ. ഹെയര്‍പിന്‍ വളവുകള്‍ കയറി കാടിനു നടുവിലൂടെ മലമുകളിലെത്തിയാല്‍ കക്കയം ഡാം. 
അടിവാരത്തില്‍ കുറ്റ്യാടി വൈദ്യുതോല്‍പാദന പദ്ധതി. ഡാമിന് ഏറെ അകലെയല്ലാതെ വനമധ്യത്തില്‍ ഉരക്കുഴി വെള്ളച്ചാട്ടം. പിന്നെയും കാട്, കണ്ടാലും കണ്ടാലും മതിവരാത്ത അനുഭവങ്ങളിലേക്കു നയിക്കുന്ന കാടിന്റെ അടുത്തെത്തിയാല്‍ പിന്നെ നിശ്ശബ്ദരാവുക. കക്കയം ജലാശയത്തിന്റെ മറുകരയില്‍ ദാഹമകറ്റാന്‍ കാടിറങ്ങിയെത്തുന്ന മൃഗങ്ങളെ കാണുക.

അതിരാവിലെ എല്ലു തുളയ്ക്കുന്ന കുളിര്. ഉച്ചയ്ക്ക് ഉരുക്കുന്ന വെയിലിന്റെ ചൂടിനെ തോല്‍പ്പിക്കാന്‍ തണുത്ത കാറ്റിന്റെ വിശറി, കണ്ണിനു വിരുന്നാകാന്‍ കാനനപ്പച്ച, വന്‍ മരങ്ങളുടെ തണല്‍, കാട്ടുചീവീടിന്റെ ചൂളംവിളി.

കക്കയത്തേക്കുള്ള വഴി
  
കോഴിക്കോട്ടുനിന്ന് ബാലുശേരി, എസ്റ്റേറ്റ് മുക്ക് വഴി കക്കയത്തെത്താം. കക്കയം ഡാം സൈറ്റിലേക്ക് അവിടെനിന്ന് 14 കിലോമീറ്റര്‍ യാത്രയുണ്ട്. 

മലകയറിത്തുടങ്ങാം
  
പണ്ടൊക്കെ ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങള്‍ മാത്രം പോയിരുന്ന വഴിയാണ്. കെഎസ്ഇബിയുടെ അധീനതയിലായിരുന്ന വഴി പിന്നീടു ടാര്‍ ചെയ്തു. ഒരു വാഹനത്തിനു പോകാനുള്ള വീതിമാത്രമേ ചിലയിടങ്ങളിലുള്ളൂ. ഉയരങ്ങളിലേക്ക് കയറുന്തോറും കാടിന്റെ കനം കൂടിവരും. വഴിയിലുടനീളം വ്യൂ പോയിന്റുകളുണ്ട്. ആദ്യത്തേതിന് കക്കയം വാലി വ്യൂ പോയിന്റ് എന്നാണു പേര്. കുറച്ചുകൂടി മുകളില്‍ പനോരമ വ്യൂ പോയിന്റുമുണ്ട്. ഹില്‍ സ്റ്റേഷനുകളില്‍ ഇത്തരം കാഴ്ചാ വേദികള്‍ക്ക് പണ്ടുകാലത്തു സായിപ്പന്മാരാണ് പേരിടുക. പക്ഷേ കക്കയത്തേക്കു പണ്ടൊരു സായിപ്പും മലകയറി വന്നിട്ടില്ല. പിന്നെ എങ്ങനെ ഈ ഇംഗ്ലിഷ് പേരുകള്‍ വന്നു എന്നു സംശയം തോന്നാം. വനസംരക്ഷണ സമിതി നല്‍കിയ പേരുകളാണിവയെല്ലാം. 

വ്യൂ പോയിന്റില്‍ നിന്നു താഴേക്കു നോക്കുമ്പോള്‍ അകലെ കൂരാച്ചുണ്ടും തലയാടും മുതല്‍ ദൂരേക്കുള്ള കാഴ്ചകള്‍ കാണാം. ചെറുതും വലുതുമായ മലകള്‍ക്കിടയിലൂടെ ദാവണി അഴിച്ചിട്ടതുപോലെ ഒരു വെള്ളിരേഖ. താഴെയുള്ള പെരുവണ്ണാമൂഴി ഡാമിന്റെ ജലാശയമാണത്. മലകള്‍ക്കിടയില്‍ വെള്ള നിറത്തില്‍ വളഞ്ഞുപുളഞ്ഞു കിടക്കുകയാണ് ജലാശയം.

അകലെ മലയില്‍ മഴപെയ്യുമ്പോള്‍ ഇക്കരെ നിന്നാല്‍ മഴമേഘങ്ങള്‍ കണ്ണീര്‍ പൊഴിക്കുന്നതു വ്യക്തമായി കാണാം. മഴക്കാലത്ത് ഇതുവഴി യാത്ര സുരക്ഷിതമല്ലെങ്കിലും നല്ല മഴയിലാണു കക്കയത്തിന്റെ കാഴ്ചകള്‍ കൂടുതല്‍ വന്യവും മനോഹരവുമാവുക. മലബാറിന്റെ ഊട്ടി എന്ന വിശേഷണം ടൂറിസ്റ്റുകളെ തെറ്റിദ്ധരിപ്പിക്കാന്‍ എഴുതിച്ചേര്‍ത്തതാവുമെന്ന മുന്‍വിധികളെല്ലാം മഴക്കാലത്തു വീശുന്ന മഞ്ഞുനിറച്ച കാറ്റ് പറപ്പിച്ചുകളയും. 

കക്കയം ഡാമിന്റെ കരയില്‍
  
ചെറിയ അണക്കെട്ടാണു കക്കയം. ഡാം സൈറ്റിനു മുന്‍പുള്ള ചെറിയ മൈതാനത്ത് വാഹനങ്ങളുടെ പാര്‍ക്കിങ് ഉണ്ട്. അവിടെ നിന്നു ഡാമിലേക്കു നടക്കണം. അണക്കെട്ടില്‍ പടമെടുപ്പ് നിരോധിച്ചിട്ടുണ്ട്. ക്യാമറ പുറത്തെടുത്താല്‍ പൊലീസ് പിടികൂടും. താഴെ കക്കയം അങ്ങാടിയിലെ പവര്‍ഹൌസിലേക്കാണ് ഈ ഡാമിലെ വെള്ളം കൊണ്ടുപോകുന്നത്. രണ്ടു പവര്‍ഹൌസുകള്‍ താഴെയുണ്ട്. ഡാമില്‍ നിന്നു വീണ്ടും ഒരു കിലോമീറ്ററോളം കാട്ടിലൂടെ മുന്‍പോട്ടു നടന്നാല്‍ ഉരക്കുഴി വെള്ളച്ചാട്ടം. ഉയരത്തില്‍ നിന്നു വെള്ളം വീണ് ഉരലുപോലത്തെ കുഴികളുണ്ടായി എന്ന അര്‍ഥത്തിലാണു വെള്ളച്ചാട്ടത്തിന് ഉരക്കുഴി എന്നു പേരു വന്നതത്രേ!

ഉരല്‍ പോലത്തെ കുഴി
  
ഉരക്കുഴിയിലേക്കുള്ള നടപ്പ് ഉള്‍ക്കാട്ടിലേക്കുള്ള നടപ്പുകൂടിയാണ്. സകല കാട്ടുജീവികളും വേനല്‍ക്കാലത്ത് ഈ വഴിയില്‍ കാത്തുനില്‍ക്കും. വഴിയില്‍ പലയിടത്തും കാടിന് ആകാശമില്ല. വന്‍ മരങ്ങള്‍ ആകാശത്തെ മറച്ചുപിടിക്കുന്നു. വഴിയില്‍ ആനയുടെ കാല്‍പ്പാടുകള്‍... ചതഞ്ഞ ഈറ്റക്കാടുകള്‍... കാട്ടാനയുടെ സ്ഥിരം നടവഴികള്‍. കുത്തനെയുള്ള ഇറക്കത്തില്‍ കരിങ്കല്ലു പാകിയിട്ടുള്ളതിനാല്‍ നടപ്പ് എളുപ്പമാണ്. വെള്ളച്ചാട്ടത്തിനരികില്‍ നട്ടുച്ചയ്ക്കുപോലും ഇരുട്ടിന്റെ മറ. രണ്ട് അരുവികള്‍ കുതിച്ചുപാഞ്ഞെത്തി ഒന്നിച്ച് അഗാധമായ താഴ്ചയിലേക്കു പതിക്കുകയാണ്.

വെള്ളച്ചാട്ടത്തിന്റെ മുകളില്‍നിന്നുള്ള ആ കാഴ്ച ശരിക്കും ഉള്‍ക്കിടിലമുണ്ടാക്കും. അകമ്പടിയായി മഴയുടെയും കുത്തിയൊലിച്ചു വരുന്ന മലവെള്ളത്തിന്റെയും ജലപാതത്തിന്റെയും മുഴക്കമുള്ള ശബ്ദവും. അരുവിക്കു കുറുകെയുള്ള തൂക്കുപാലത്തിനു നടുവിലെത്തിയാല്‍ താഴെ അഗാധതയിലേക്കു വെള്ളം പതഞ്ഞൊഴുകുന്ന ദൃശ്യം തൊട്ടടുത്തു കാണാം. സ്പില്‍ബര്‍ഗിന്റെ സിനിമയില്‍ മാത്രം കണ്ടിട്ടുള്ള ലൊക്കേഷന്‍ പോലെ എന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല!

വെള്ളച്ചാട്ടത്തോടു ചേര്‍ന്നുള്ള നീരാട്ടു കയത്തില്‍ മുന്‍പു കൊട്ടത്തോണി സര്‍വീസുണ്ടായിരുന്നു. പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ സാഹസിക ജലയാത്ര. രാത്രി ആനകളും നീരാട്ടിനിറങ്ങുന്ന ഇടമാണ്. ഒരു രാത്രി ആനകളുടെ നീരാട്ട് കഴിഞ്ഞപ്പോള്‍ കൊട്ടത്തോണികള്‍ പീസ് പീസായി. അതോടെ ആ സാഹസികത തല്‍ക്കാലത്തേക്കു നിര്‍ത്തി.

ദൂരെ കടല്‍ കാണാം 
  
മലയുടെ നെറുകയിലാണ് ഡാമിന്റെ സര്‍ജ് ഏരിയ. സമുദ്രനിരപ്പില്‍ നിന്ന് ഏതാണ്ട് 2,450 അടി ഉയരത്തില്‍. ഡാമിലേക്കുള്ള പെന്‍സ്റ്റോക്ക് പൈപ്പുകളിലെ വെള്ളത്തിന്റെ നിയന്ത്രണത്തിനായി സ്ഥാപിച്ചതാണ് സര്‍ജ് ഏരിയ. കാട്ടിടവഴികള്‍ കടന്നു സര്‍ജിന്റെ മുന്നിലെത്തിയാല്‍ പിന്നെ നിരപ്പായ പ്രദേശം. സര്‍ജിന്റെ നെറുകയില്‍ ചൂഴ്ന്നു നില്‍ക്കുന്ന മഞ്ഞിന്റെ മറ നീങ്ങുമ്പോഴൊക്കെ കിലോമീറ്ററുകള്‍ അകലെ കൊയിലാണ്ടിയില്‍ കടല്‍ ഇരമ്പുന്ന കാഴ്ചയുണ്ടാവും. തണുപ്പിന്റെ പുതപ്പണിഞ്ഞ് അകലെ വേനലില്‍ വെട്ടിത്തിളയ്ക്കുന്ന കടല്‍ കാണാനാവുന്ന അപൂര്‍വ ഇടം. മലമുകളില്‍ നിന്നാല്‍ വൈകിട്ടു സൂര്യന്‍ കടലില്‍ ഉറങ്ങാന്‍ പോകുന്നതും കാണാം.

പുഷ്പിണിയായി കാട്
  
കക്കയം വനത്തില്‍നിന്ന് 680 ഇനം സപുഷ്പികളും 39 ജാതി പുല്ലുകളും 22 ജാതി ഓര്‍ക്കിഡുകളും 28 ജാതി പന്നലുകളും കണ്ടെത്തിയിട്ടുണ്ട്. കടുവ, പുലി, കാട്ടുപോത്ത്, പലജാതി കുരങ്ങുകള്‍ മലമാന്‍, കേഴമാന്‍, കാട്ടുനായ, കരടി, ചെങ്കീരി, കാട്ടുപന്നി, മുള്ളന്‍പന്നി, പശ്ചിമഘട്ടത്തില്‍ മാത്രം ജീവിക്കുന്ന ഈഞ്ച അണ്ണാന്‍ ഉള്‍പ്പെടെയുള്ള അണ്ണാനുകള്‍ തുടങ്ങി പല വന്യജീവികളുടെയും സാന്നിധ്യമുണ്ട്. പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന നീലഗിരി ചിലപ്പന്‍, ചെഞ്ചിലപ്പന്‍, കോഴിവേഴാമ്പല്‍, മരപ്രാവ്, നീലക്കിളി, പാറ്റ പിടിയന്‍ എന്നിവ ഉള്‍പ്പെടെ ഏതാണ്ട് 180ല്‍ അധികം ജാതി പക്ഷികളെ ഇവിടെ കണ്ടെത്തി. ധാരാളം ഉഭയജീവികളും ഉരഗങ്ങളും ഇവിടെയുണ്ട്. റീഡ് ഫ്രോഗ് എന്നു വിളിക്കുന്ന തവള ഇന്ത്യയില്‍ ഇവിടെ മാത്രമേ ഉള്ളൂ എന്നതാണ് പുതിയ കണ്ടെത്തല്‍.

അടിവാരത്തൊരു തേക്കടി
  
മലബാറിന്റെ ഊട്ടി മാത്രമല്ല, മലബാറിന്റെ തേക്കടിയും ഇവിടെയുണ്ട്. കരിയാത്തുംപാറ ഒട്ടേറെ സിനിമകളുടെയും മറ്റും ഷൂട്ടിങ് നടക്കുന്ന സ്ഥലമാണ്. പെരുവണ്ണാമൂഴി ജലാശയത്തിന്റെ ഭാഗമാണു കരിയാത്തുംപാറ. തേക്കടി ജലാശയം പോലെ കരിയാത്തുംപാറയിലും ഒട്ടേറെ മരങ്ങള്‍ വെള്ളത്തിനടിയിലും പാതി പുറത്തുമായൊക്കെയുണ്ട്. അതിമനോഹരമായ പുല്‍മേടുകള്‍. കാഴ്ചയ്ക്കു ഭംഗികൂട്ടുന്നതരം മരങ്ങള്‍ വിദഗ്ധനായ ഒരു ശില്‍പി ക്രമീകരിച്ചതുപോലെ പ്രകൃതി അവയുടെ ലേഔട്ട് അതിമനോഹരമായി നിര്‍വഹിച്ചിരിക്കുന്നു.
  
രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പി മുതല്‍ പിന്നോട്ട് ഒട്ടേറെ ചിത്രങ്ങളുടെ ലൊക്കേഷനായിട്ടുണ്ട് ഇവിടം. ധ്വനി, കാറ്റത്തെ കിളിക്കൂട്, തിടമ്പ്, ഏയ് ഓട്ടോ, കാക്കി, പിന്‍ഗാമി, വ്യൂഹം... സിനിമകളുടെ പേരു പറയാന്‍ നാട്ടുകാര്‍ മല്‍സരിക്കും. 

കക്കയം സിനിമ-ആല്‍ബം ചിത്രീകരണ മേഖലയാണിപ്പോള്‍. കല്യാണ ആല്‍ബം ചിത്രീകരിക്കാന്‍ ധാരാളംപേര്‍ ഇവിടെയെത്തുന്നു. കിളികുടുക്കി, വദാംവളവ്, തോണിക്കടവ് തുടങ്ങിയ സ്ഥലങ്ങളാണു മറ്റു പ്രധാന ലൊക്കേഷനുകള്‍..

 

Posted by : admin, 2017 Nov 01 09:11:58 pm