2017 Feb 18 | View Count: 911

കട്ടിപ്പാറ പഞ്ചായത്തിലെ കല്ലുള്ളതോട് റേഷൻ കടയിൽനിന്നും വാങ്ങി അനധികൃതമായി കടത്തുകയായിരുന്ന റേഷൻ സാധനങ്ങളും വാഹനവും കൂരാച്ചുണ്ട് എസ്ഐ എം.പി. രവീന്ദ്രനും സംഘവും കസ്റ്റഡിയിലെടുത്തു. കല്ലാനോട് പന്നി ഫാമിലേക്ക് തീറ്റയ്ക്ക് ഉപയോഗിക്കാനായി കൊണ്ടുവന്ന സാധനമാണിതെന്നറിയുന്നു. കല്ലാനോട് അനധികൃത പന്നി ഫാമുകളിലേക്കുള്ള മാലിന്യം കൊണ്ടുവരുന്നത് മാലിന്യവിമുക്ത സമിതിയുടെ നേതൃത്വത്തിൽ അഞ്ച് ദിവസത്തോളമായി തടയുകയായിരുന്നു. രാപകൽ സമരത്തിനിടയിൽ വ്യാഴാഴ്ച രാത്രിയിൽ അനധികൃത റേഷൻ സാധനങ്ങളുമായി വന്ന പിക്കപ്പ് വാൻ 27–ാം മൈലിൽ സമരസമിതി തടയാൻ ശ്രമിച്ചെങ്കിലും നിർ‌ത്താതെ വാഹനം പോയി. 

സമരസമിതിക്കാർ പിൻതുടർന്ന് കല്ലാനോട് താഴെ അങ്ങാടിയിൽനിന്നും വാഹനം തടഞ്ഞ് കൂരാച്ചുണ്ട് പൊലീസിനെ വിവരമറിയിച്ചു. മൂന്നു ചാക്ക് അരി, ഒരു ക്വിന്റലോളം ഗോതമ്പ് എന്നിവയാണ് പിടിച്ചെടുത്തത്. കൂരാച്ചുണ്ട് പൊലീസ് കേസെടുത്തു. സമരസമിതി സമരംമൂലം പന്നിക്ക് തീറ്റ ലഭിക്കാതായതോടെ അനധികൃത റേഷൻ സാധനങ്ങൾ ശേഖരിക്കുകയായിരുന്നുവെന്ന് സമിതി നേതാക്കൾ ആരോപിച്ചു. വ്യാഴാഴ്ച രാവിലെയും റേഷൻ സാധനങ്ങൾ കൊണ്ടുപോയതായി പരാതിയുണ്ട്. 

പാവപ്പെട്ട കുടുംബങ്ങൾക്ക് വിതരണം ചെയ്യാനുള്ള റേഷൻ സാധനങ്ങൾ കടത്തിയ കുറ്റക്കാർക്കെതിരെ അധികൃതർ ശക്തമായ നടപടിയെടുക്കണമെന്ന് സിപിഐ (എം) കൂരാച്ചുണ്ട് ലേക്കൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അനധികൃത റേഷൻ സാധനങ്ങൾ പിടിച്ചെടുത്ത സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് എൻസിപി മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കിസാൻസഭ ജില്ലാ പ്രസിഡന്റ് ഒ.ഡി. തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സൂപ്പി തെരുവത്ത് അധ്യക്ഷത വഹിച്ചു. റേഷനരി കടത്ത് സംബന്ധിച്ച് അധികൃതർ അന്വേഷണം ഉൗർജിതമാക്കണമെന്ന് ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു ജോർജ് കട്ടക്കൽ ആവശ്യപ്പെട്ടു.   
 

Posted by : admin, 2017 Feb 18 05:02:23 am