2017 Feb 14 | View Count: 1053

ഒരു കഥ എഴുതുക എന്നത് എന്റെ ജീവിതാഭിലാഷമായിരുന്നു. അതിനു വേണ്ടി ഞാൻ വളരരെ ശ്രമിച്ചു. പക്ഷെ ജീവിതസാഹചര്യങ്ങളുടെ സമ്മർദ്ദങ്ങളിൽ പെട്ട് എന്റെ കഥാമോഹം കൂമ്പടഞ്ഞു പോകുകയായിരിന്നു.

ചെറുപ്പത്തിൽ കുട്ടികൾക്കുള്ള പ്രസിദ്ധീകരണങ്ങൾ വായിക്കുമായിരുന്നു. അതുമൂലം ഭൂതങ്ങളെയും പ്രേതങ്ങളേയും മറ്റും പറ്റിയുള്ള കഥകൾ എഴുതാനായിരുന്നു ശ്രമം. അതിനുള്ള കഥാതന്തു തേടിയുള്ള അലച്ചിലിലിൽ ആ ഭൂതങ്ങളും പ്രേതങ്ങളും എന്നെ സ്വപ്നത്തിൽ വന്നു പേടിപ്പിക്കാൻ തുടങ്ങി. അങ്ങനെ ഒരിക്കൽ പേടിച്ചു കിടക്കയിൽ മൂത്രമൊഴിച്ചപ്പോൾ അമ്മ തല്ലിയതിനെതുടർന്ന് എന്റെ കഥാമോഹം ഞാൻ അവിടെ കെട്ടിപ്പൂട്ടി വച്ചു.

കോളേജിൽ എതിയപ്പോൾ വീണ്ടും എന്റെ കഥാമോഹം വീണ്ടും തളിരിട്ടു. പ്രണയമായിരുന്നു അപ്പോൾ തോന്നിയ വിഷയം. അതിലൊരു കഥാതന്തു കിട്ടാൻ ഞാൻ കുറേ പ്രണയങ്ങൾക്ക് ഹംസമായി പ്രവർത്തിച്ചു പക്ഷെ എനിക്കു കഥാതന്തു കിട്ടിയില്ല. ഞാൻ നിരാശനാകാതെ പ്രണയങ്ങൾ തകർക്കുന്ന നാരദവേഷം കെട്ടിനോക്കി. അപ്പോൾ എനിക്കു കഥാതന്തു കിട്ടിയിലെങ്കിലും കുറേ തല്ലുകിട്ടി. അതോടെ ഞാൻ കഥാമോഹം വീണ്ടും കെട്ടിപ്പൂട്ടി വെചു.

കോളേജു വിട്ടുകഴിഞ്ഞും എന്റെ കഥാമോഹം കലശലായപ്പോൾ കഥാതന്തു കിട്ടാൻ വേണ്ടി ഒരു പെൺകുട്ടിയെ പ്രണയിച്ചു നോക്കി. അതിൽ നിന്നും കഥാതന്തു കിട്ടിയില്ലെങ്കിലും അതു നാട്ടുകാർക്കു പറയാനുള്ള കഥയായപ്പോൾ അവളെ എന്റെ ജീവിതകഥയുടെ ഭാഗമാക്കേണ്ടി വന്നു.

എങ്കിൽ കുടുമ്പബന്ധങ്ങളാകട്ടെ വിഷയം എന്നായി എന്റെ വിചാരം. ആദ്യം സ്നേഹപൂർവ്വം ജീവിച്ചെങ്കിലും അതിൽനിന്നും എനിക്ക് കഥാതന്തു കിട്ടിയില്ല. അതുകൊണ്ട് ഞാൻ വീട്ടിൽ വഴക്കും പ്രശ്നങ്ങളും ഉണ്ടാക്കി. അതു എന്റെ മനസമാധാനം കളഞ്ഞെങ്കിലും കഥാതന്തു തന്നില്ല. പിന്നെ ജീവിതപ്രാരബ്ധങ്ങളിൽ പെട്ട് എന്തെ കഥാമോഹം കൂമ്പടഞ്ഞുപോയി.

ഇന്ന് ഞാൻ ഒറ്റക്കാണ്, ഈ വയസ്സുകാലത്ത് ഒറ്റക്കിരിക്കുമ്പോൾ എന്റെ കഥാമോഹം വീണ്ടും തളിരിട്ടു. എങ്കിൽ പിന്നെ വാർദ്ധക്യമാകട്ടെ വിഷയം എന്നുകരുതി ഞാൻ പേനയും കടലാസും എടുത്തു മേശയുടെ മുകളിൽ വച്ചു. പെട്ടെന്ന് എന്റെ കണ്ണുകളിൽ ഇരുട്ടു കയറുന്നതായും ശരീരം വിറയുന്നതായും അനുഭവപെട്ടു. ഞാൻ നോക്കിയപ്പോൾ എന്റെ ശരീരം നിലത്തു വീണു കീടക്കുന്നതായി കണ്ടു. അപ്പോൾ എനിക്കു മനസ്സിലായി ഇതു എന്റെ ജീവിത കഥയുടെ അവസാനമാണെന്ന്.

Posted by : admin, 2017 Feb 14 07:02:26 pm