2014 Oct 02 | View Count: 1414

രോമാവരണം  -  ആരോഗ്യമുള്ള ഉരുക്കളുടെ രോമം തിളക്കവും മിനുസവുമുള്ളതായിരിക്കും. വിരബാധയുള്ളപ്പോള്‍ രോമം പരുപരുത്തിരിക്കും.  ശരീരോഷ്മാവ് കൂടുതലാണെങ്കില്‍ പശുക്കളുടെ  രോമം എഴുന്നേറ്റു നില്‍ക്കുന്നതായി കാണാം.

കണ്ണുകള്‍ -  തിളക്കമുള്ള കണ്ണുകള്‍ ആരോഗ്യലക്ഷണമാണ്.  കണ്ണുകളിലെ നിറമാറ്റം, കണ്ണുനീര്‍വാര്‍ച്ച, കണ്ണുകള്‍ ചെറുതായി കുഴിഞ്ഞ് കാണുക എന്നിവ രോഗലക്ഷണങ്ങളാണ്.  വിരബാധയുള്ളപ്പോള്‍ രക്തക്കുറവുകൊണ്ട് കണ്ണിലെ ശ്ലേഷ്മതരം വിളറി വെളുത്തിരിക്കും. മഞ്ഞപ്പിത്തമുള്ളപ്പോള്‍ ശ്ലേഷ്മതരം മഞ്ഞനിറത്തില്‍ കാണപ്പെടും. 

മൂക്ക്  - എപ്പോഴും നനവുള്ള മൂക്ക് ആരോഗ്യ ലക്ഷണമാണ്.   വരണ്ടുണങ്ങിയ മൂക്ക് പനിയുടെ ലക്ഷണവും. മൂക്കില്‍ നിന്ന് വെള്ളം വന്നുകൊണ്ടിരിക്കുന്നത് അനാരോഗ്യത്തെ സൂചിപ്പിക്കുന്നു.  മൂക്കില്‍ നിന്നുള്ള രക്തസ്രാവം ഗുരുതരമായ വിരബാധയുടെ സൂചനയാണ്.

ശരീരതാപനില  -  പ്രായപൂര്‍ത്തിയായ ഒരു പശുവിന്റെ  ശരീരോഷ്മാവ് 101.6 ഡിഗ്രി ഫാരന്‍ഹീറ്റാണ്. രോഗാവസ്ഥയില്‍ ഊഷ്മാവ് വര്‍ധിക്കാനിടയുണ്ട്.   

ശ്വസന നിരക്ക്  -  ആരോഗ്യമുള്ള പശുവിന്റെ ശ്വസന നിരക്ക് മിനിട്ടില്‍ 18-28 വരെയാണ്.  നിരക്കിലെ വ്യതിയാനം, ശ്വാസംമുട്ടല്‍, ശ്വാസം വിടുമ്പോള്‍ ഉണ്ടാകുന്ന  ശബ്ദം എന്നിവ രോഗാവസ്ഥയെ കാണിക്കുന്നു. 

നാഡിമിടിപ്പ്  -  മിനിട്ടില്‍ 50-60 ആണ് സാധാരണ നാടിമിടിപ്പ് നിരക്ക്.  ഇതിലെ വ്യത്യാസവും രോഗസൂചനയാണ്.അയവെട്ടല്‍  -  പശുവിന്റെ അയവെട്ടല്‍ മിനിട്ടില്‍ 2-3 പ്രാവശ്യമാണ്.  ദഹനം തടസ്സപ്പെട്ടാല്‍ അയവെട്ടലും നിലക്കും.

ചാണകം  -  അര്‍ധ ഖരാവസ്ഥയിലുള്ള ചാണകം പശുവിന്റെ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. ഉണങ്ങിയതോ അയഞ്ഞതോ കറുത്തതോ ആയ ചാണകം കഫമോ  രക്തം കലര്‍ന്നതോ ആയ ചാണകം എന്നിവ രോഗാവസ്ഥയെ സൂചിപ്പിക്കുന്നു.  രക്തം കലര്‍ന്ന ചാണകം കണ്ടാല്‍ വിരബാധ സംശയിക്കാം.

മൂത്രം  -  ആരോഗ്യമുള്ള പശുവിന്റെ മൂത്രം ഇളം മഞ്ഞനിറമായിരിക്കും.  കട്ടന്‍കാപ്പി നിറവും ചുവപ്പ്, കടും മഞ്ഞനിറങ്ങളും രോഗലക്ഷണങ്ങളാണ്.

പാല്‍  -  പാലിന്റെ അളവ് പെട്ടെന്ന് കുറയുക, നിറവ്യത്യാസം കാണുക എന്നിവ അകിടുവീക്കത്തിന്റെ ആദ്യലക്ഷണങ്ങളാണ്.

അകിട്  -  അകിടിലെ കല്ലിപ്പും വ്രണങ്ങളും മുറിവുകളും രോഗാവസ്ഥയെ സൂചിപ്പിക്കുന്നു.  തൂങ്ങിയ വയര്‍, പിന്‍ കാവുകള്‍ക്ക് ശേഷിക്കുറവ്, നടത്തത്തിലുള്ള അപാകത, തലകുനിച്ച് കൂട്ടത്തില്‍ നിന്നു മാറി നില്‍ക്കുക, സദാസമയവും ക്ഷീണം കാണിച്ച് കിടക്കുക, കിടന്നാല്‍ എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട് എന്നിവയും ആരോഗ്യക്കുറവിന്റെയും രോഗത്തിന്റെയും ലക്ഷണങ്ങളാണ്. 

Posted by : Guest, 2014 Oct 02 05:10:11 pm